
04-11-2022
കാട്ടാക്കട : കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ ജില്ലാ രജിസ്ട്രാറുടെ പരിശോധന നടക്കുന്നതിനിടെ പോലീസ് വിജിലൻസും പരിശോധനയ്ക്കെത്തി. ഓഫീസിൽനിന്നു 50,000-ത്തിലേറെ രൂപ കണ്ടെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം യൂണിറ്റ് രണ്ട് സബ് രജിസ്ട്രാർ ഓഫീസിൽ പരിശോധനയ്‌ക്കെത്തിയത്. ജില്ലാ രജിസ്ട്രാർ നൈനാന്‍റെ നേതൃത്വത്തിലുള്ള രജിസ്ട്രേഷൻ വകുപ്പിന്‍റെ ഉന്നതസംഘം ഓഫീസിൽ പരിശോധന നടത്തുന്നതിനിടെയാണ് വിജിലൻസ് മിന്നൽ പരിശോധനയിൽ ഇത്രയും തുക കണ്ടെത്തിയത്.
ആധാരം രജിസ്റ്ററുകൾ സൂക്ഷിക്കുന്ന മുറിയിലെ പഴയ രജിസ്റ്ററുകൾക്കിടയിൽനിന്ന് 2,050 രൂപയും, പാർട്ട് ടൈം സ്വീപ്പർ മലയം അൾത്താര വീട്ടിൽ ആൽഫ്രഡിൽനിന്നു 20000 രൂപയും ഈ സമയം ഓഫീസിൽ ഉണ്ടായിരുന്ന റിട്ട. സബ് രജിസ്‌ട്രാറും ആധാരം എഴുത്തുകാരനുമായ മോഹനൻ ചെട്ട്യാരിൽനിന്നു 24,500 രൂപയും കണ്ടെടുത്തു.
സബ് രജിസ്ട്രാർ ഓഫീസിൽ പിടിച്ചെടുത്ത പണം ഏതു തരത്തിലുള്ളതാണെന്നും, ഉറവിടവും വിജിലൻസ് പരിശോധിക്കുന്നു. ജീവനക്കാരുടെ ബാങ്കിടപാടുകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. വൈകീട്ട് മൂന്നോടെയാണ് വിജിലൻസ് സംഘം പരിശോധനയ്‌ക്കെത്തിയത്. രാത്രി വൈകിയും പരിശോധന തുടരുകയാണ്.
എസ്.പി. അജയകുമാറിന്‍റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. സലിംകുമാർ, ഇൻസ്പെക്ടർ മുഹമ്മദ് റിജാസ്, മോഹൻ കുമാർ, പോലീസ് ഉദ്യോഗസ്ഥരായ സാബു, സതീഷ്, സുമന്ത് മഹേഷ്, സജി മോഹൻ, സൈജു, റാംകുമാർ, ശുഭലക്ഷ്മി, സി.പി.ഒ. അനന്തു, ഷിജിൻ ദാസ്, രജിസ്‌ട്രേഷൻ വകുപ്പിൽനിന്നു മുരുക്കുംപുഴ സബ് രജിസ്ട്രാർ ഓഫീസർ അറാഫത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിലെ കൈക്കൂലിയെക്കുറിച്ച് കുറച്ചുനാളായി പരാതി നിലനിൽക്കുകയായിരുന്നു. ഇതിനിടെ വിജിലൻസിനും വകുപ്പിനും കിട്ടിയ പരാതികളെ തുടർന്നാണ് മിന്നൽ പരിശോധനയെന്നറിയുന്നു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment