
03-11-2022
തിരുവനന്തപുരം : നൂറിലേറെ സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയമായ തെളിവുകൾ ഉറപ്പിച്ചാണ് പോലീസ് സന്തോഷിനെ കുടുക്കിയത്.
കവടിയാർ ടെന്നീസ് ക്ലബ്ബിന് സമീപം അക്രമം നടന്ന ദിവസം രാത്രി വാഹനം നിർത്തിയശേഷം ഡ്രൈവർ പുറത്തേക്കുപോകുന്നത് കണ്ടെത്തിയതാണ് നിർണായകമായത്. പുലർച്ചെ തിരിച്ചെത്തിയാണ് ഇയാൾ മ്യൂസിയത്തേക്ക് വാഹനം ഓടിച്ചുവന്നത്.
ഇയാൾ സഞ്ചരിച്ച ഇന്നോവ കാർ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സംശയാസ്പദമായ തരത്തിൽ കണ്ട കാറുകളുള്ള പതിനഞ്ചോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. 2011-2013 കാലഘട്ടത്തിൽ പുറത്തിറങ്ങിയ മോഡലായിരുന്നു കാറിന്റേത്. സംശയത്തിന്റെ നിഴലിലുള്ള ഒരു കാർ സെക്രട്ടേറിയറ്റിലുള്ളതെന്ന് കണ്ടെത്തി. ഇതോടെ ഡ്രൈവർ സന്തോഷ് ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായി. സർക്കാർ വാഹനമായതിനാൽ പിന്നെ പോലീസിന്റെ നീക്കങ്ങൾ വളരെ ശ്രദ്ധിച്ചായിരുന്നു. സന്തോഷിന്റെ മൊബൈൽ ടവറുകൾ പരിശോധിച്ചതോടെ അക്രമം നടന്നയിടത്തെല്ലാം ഇയാളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി.
ഇതോടെ ഇയാളെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യംചെയ്യലുമായി ഇയാൾ സഹകരിച്ചില്ലെങ്കിലും ഈ സ്ഥലങ്ങളിലെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാനായില്ല.
ഇയാളെക്കുറിച്ച് മാസങ്ങളായി പരാതിയുണ്ടെങ്കിലും വനിതാ ഡോക്ടറെ ആക്രമിച്ചതിനെ തുടർന്ന് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. 25-ലേറെ തവണ പേരൂർക്കട പോലീസ് കുറവൻകോണത്ത് എത്തിയെങ്കിലും പ്രതിയെ പിടിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ ആദ്യം ജാമ്യമില്ലാ വകുപ്പു ചുമത്തിയാണ് കേസെടുത്തത്. എന്നാൽ ഇതിൽ അപാകമില്ലെന്നും മൊഴിയുടെ അടിസ്ഥാനത്തിൽ പിന്നീട് കൂടുതൽ വകുപ്പുകൾ ചേർക്കുകയായിരുന്നുവെന്നും ഡി.സി.പി. അജിത് കുമാർ പറഞ്ഞു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment