ഡ്രൈവറുടെ ഉറക്കം തിരിച്ചറിയാം, ചികിത്സയ്ക്ക് റോബോട്ടിക് നഴ്‌സും

03-11-2022

തിരുവനന്തപുരം: വാഹനാപകടങ്ങൾ, പ്രത്യേകിച്ച് രാത്രിയാത്രയിൽ ഡ്രൈവർ ഉറങ്ങിപ്പോകുന്നത് കൊണ്ടുണ്ടാവുന്ന അപകടങ്ങൾക്ക് ശാസ്ത്രീയ പരിഹാരവുമായാണ് എട്ടാം ക്ലാസ് വിദ്യാർത്ഥികളായ അഭിനന്ദും ആകാശും പട്ടം സെന്റ്‌ മേരീസ് സ്‌കൂളിൽ നടക്കുന്ന ജില്ലാ സ്കൂൾ ശാസ്ത്രമേളയിലെത്തിയത്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണംകൊണ്ട് ഡ്രൈവറുടെ ഉറക്കം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്നതാണ് ഉപകരണം. ഒറ്റശേഖരമംഗലം ജനാർദ്ദനപുരം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് രാത്രികാലങ്ങളിലെ അപകടം ഒഴിവാക്കാൻ മൂവായിരം രൂപമാത്രം ചെലവു വരുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. 

ഡ്രൈവർ ഉറങ്ങിയാൽ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന അലാറം ഉടൻ ശബ്ദിക്കുകയും വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശം അയക്കുകയും ചെയ്യും. കണ്ണ് ഇമ ചിമ്മുന്നതിലും കൂടുതൽ സമയം കണ്ണ് അടഞ്ഞിരുന്നാൽ അലാറം മുഴങ്ങുമെന്ന് അഭിനന്ദും ആകാശും പറയുന്നു.

കോവിഡ്, നിപ്പ എന്നിവ പോലെ മാരകമായ പകർച്ചവ്യാധികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന റോബോട്ടിക് നഴ്സിനെയാണ് കിളിമാനൂർ ആർ.ആർ.വി. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. ഹയർസെക്കൻഡി വിദ്യാർത്ഥികളായ അസ്‌നയും സാന്ദ്രയുമാണ് ഈ പ്രവർത്തന മാതൃക ശാസ്ത്രമേളയിൽ അവതരിപ്പിച്ചത്.

കർഷകൻ സ്ഥലത്തില്ലെങ്കിലും കൃഷിയിടം നനയ്ക്കാനാവുന്ന സ്മാർട്ട് ഇറിഗേഷൻ മാതൃകയാണ് വിരാലി നിർമ്മൽ ഹൃദയ ഇ.എം.സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. മണ്ണിന്റെ ജലാംശം നഷ്ടമാകുമ്പോൾ ഓട്ടോമാറ്റിക്കായി പ്രവർത്തിച്ച് കൃഷിയിടം നനയ്ക്കുകയും ചെയ്യുന്നതാണ് ഉപകരണം. 

കല്ലറ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ ഹെയർപിൻ വളവുകളെ അപകട രഹിതമാക്കുന്നതിനായി ഹെയർപിൻ ആക്‌സിഡന്റ് പ്രിവൻഷൻ മാതൃകയാണ് അവതരിപ്പിച്ചത്. 

വ്യായാമത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുക, ഷോർട്ട് സർക്യൂട്ട് ഉണ്ടാവുമ്പോൾ കെ.എസ്.ഇ.ബി. സബ്‌സ്‌റ്റേഷനിലെക്ക് നേരിട്ട് സന്ദേശം ലഭ്യമാക്കുക, ബഹിരാകാശ കേന്ദ്രങ്ങളിൽ സ്ഥാപിക്കാവുന്ന സൗരോർജ പാനൽ, ഫ്രാൻസിൽ പുരാതനകാലത്ത് നടപ്പാക്കിയിരുന്ന വധശിക്ഷയായ ഗില്ലറ്റിൻ തുടങ്ങിയ മാതൃകകളും ശാസ്‌ത്രോത്സവത്തിൽ ശ്രദ്ധേയമായി.

ഒന്നാം ദിവസമായ ബുധനാഴ്ച നടന്ന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി.മേളയിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 509 വിദ്യാർത്ഥികളാണ് മത്സരത്തിനെത്തിയത്. 

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഉദ്ഘാടനം വി.കെ.പ്രശാന്ത് നിർവഹിച്ചു.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started