
03-11-2022
നെയ്യാറ്റിൻകര : ട്രെയ്‍ലർ ലോറിയിൽനിന്നു പുറത്തേക്കു തള്ളിനിന്ന വിമാനച്ചിറകുകൾ കെ.എസ്.ആർ.ടി.സി. ബസിലിടിച്ച് ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ബസിനു കാര്യമായ കേടുപാടുണ്ടായി. തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിൽനിന്നു ലേലംകൊണ്ട, പിൻവലിച്ച വിമാനത്തിന്റെ ചിറകുകളുമായി ഹൈദരാബാദിലേക്കുപോയ ട്രെയ്‌ലർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർ പാറശ്ശാല സ്വദേശി ടി.രമേഷ്(47), കണ്ടക്ടർ കൊല്ലം സ്വദേശി എസ്.രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബാലരാമപുരം തൈയ്ക്കാവ് പള്ളിക്കു സമീപം ബുധനാഴ്ച പുലർച്ചെ ഒരു മണിക്കുശേഷമാണ് അപകടമുണ്ടായത്.
തൈക്കാവ് പള്ളിക്കു സമീപത്തെ വളവ് കടക്കുന്നതിനിടെ ബസിന്റെ മുൻവശത്ത് ട്രെയ്‌ലറിലെ വിമാനച്ചിറകിന്റെ ഭാഗം ഇടിച്ചുകയറുകയായിരുന്നു. വിമാനത്തിന്റെ ചിറകുകൾ പുറത്തേക്കു തള്ളിയ നിലയിലാണ് ലോറിയിൽ ബന്ധിച്ചുവെച്ചിരുന്നത്. അപകടസൂചക ലൈറ്റ് സ്ഥാപിച്ചിട്ടില്ലായിരുന്നു.
മഴയും മൂടൽമഞ്ഞും കാരണം ലോറിയുടെ ലൈറ്റുകൾപോലും വ്യക്തമായി കാണാവുന്ന നിലയിലായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം തകർന്ന് ഡ്രൈവർ കുടുങ്ങിപ്പോയി. പോലീസ് എത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. ബസിൽ തെറിച്ചുവീണാണ് കണ്ടക്ടർക്ക് പരിക്കേറ്റത്. ബസിൽ ആറ് യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. ഇവർക്ക് പരിക്കുകളില്ല.
പരിക്കേറ്റ ഡ്രൈവർ രമേഷിനെയും കണ്ടക്ടർ രഞ്ജിത്തിനെയും പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. കെ.എസ്.ആർ.ടി.സി. അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ട്രെയ്‌ലർ ലോറി ഉടമയ്ക്കും ഡ്രൈവർക്കുമെതിരേ പോലീസ് കേസെടുത്തു.
പിൻവലിച്ച എയർ ബസ് എ-320 വിമാനം റേസ്റ്റാറന്റാക്കി മാറ്റാനാണ് ഹൈദരാബാദിലെ വ്യാപാരി ലേലംകൊണ്ടത്. ഇതിന്റെ ചിറകുകളും എൻജിനുമാണ് ചൊവ്വാഴ്ച രാത്രി കൊണ്ടുപോയത്.
വിമാനത്തിന്റെ ബോഡി വിമാനത്താവളപരിസരത്തുതന്നെ ലോറിയിൽ കിടക്കുകയാണ്. നികുതി അടച്ചതിന്റെ ഇ-വേ ബിൽ ലഭിക്കാത്തതിനാലാണ് യാത്ര വൈകുന്നത്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment