
03-11-2022
നെടുമങ്ങാട്: ശംഖുംമുഖത്തെ സമുദ്രകന്യക ശില്പത്തോട് അധികൃതർ കാട്ടുന്ന അവഗണനയിൽ പ്രതിേഷധിച്ചാണ് സർക്കാരിന്റെ കലാശ്രീ പുരസ്കാരം ശില്പി കാനായി കുഞ്ഞിരാമന് നിരസിച്ചത്. എന്നാൽ, അദ്ദേഹത്തിന്റെ മറ്റൊരു സൃഷ്ടി എട്ടുവർഷമായി മണ്ണുമൂടിയ നിലയിലാണ്.
പൊന്മുടിയിലെ പ്രശസ്തമായ സ്ലീപ്പിങ് ബ്യൂട്ടി എന്ന ശില്പമാണ് മണ്ണിനടിയിൽ അവഗണനയുടെ അടയാളമായി നശിക്കുന്നത്.
പൊന്മുടി വിനോദസഞ്ചാര കേന്ദ്രം മോടികൂട്ടുന്നതിന്റെ ഭാഗമായി പന്ത്രണ്ടുവർഷം മുൻപാണ് കാനായിയെ ഇവിടെ എത്തിച്ച് ആറുമാസം കൊണ്ട് ശില്പം നിർമിച്ചത്. രണ്ടു കാലുകൾ പകുതിമടക്കി, തലയിൽ കൈവച്ച് ഉറങ്ങുന്ന സ്ത്രീയുടേതായിരുന്നു ശില്പം. ജിപ്‌സവും സിമന്റും ചേർത്ത് പ്രത്യേക കൂട്ടുപയോഗിച്ചാണ് ശില്പത്തിന്റെ നിർമിതി.
ഈ കൂട്ട് കാനായി മറ്റെങ്ങും ഉപയോഗിച്ചിട്ടില്ല. പൊന്മുടി ലോവർ സാനിറ്റോറിയത്തിൽ കുട്ടികളുടെ പാർക്കിന് നടുക്കായി നിർമിച്ച ശില്പം സഞ്ചാരികളുടെ ഹൃദയം കവർന്നിരുന്നു. പൊന്മുടിയിലെത്തുന്നവരുടെ ഫോട്ടോഷൂട്ടിന്റെ കേന്ദ്രമായിരുന്നു ഇവിടം.
പൊന്മുടിയിലെ പൊതുമരാമത്ത് വകുപ്പിന്റെ അതിഥിമന്ദിര നിർമാണത്തിനിടയിലാണ് ശില്പം മണ്ണിനടിയിലായത്. ശില്പത്തെ സംരക്ഷിച്ചുകൊണ്ട് അതിഥിമന്ദിരം നിർമിക്കും എന്നായിരുന്നു മുമ്പ് കെ.ടി.ഡി.സി. ശില്പിക്ക് ഉറപ്പുനൽകിയിരുന്നത്.
എന്നാൽ, നിർമാണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ ശില്പം മണ്ണിനടിയിലായി. ഇപ്പോൾ ശില്പത്തിന്റെ കാൽമുട്ടിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു കാണുന്നത്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment