

30-10-2022
തിരുവനന്തപുരം : റോഷന് ഇനി കേൾക്കാം…. നഷ്ടപ്പെട്ട ശ്രവണസഹായിക്ക് പകരം പുതിയത് നഗരസഭ വാങ്ങി നൽകും. മേയർ ആര്യാ രാജേന്ദ്രൻ റോഷന്റെ വീട്ടിൽ നേരിട്ടെത്തിയാണ് പുതിയ ശ്രവണസഹായി വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകിയത്. ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടിലെത്തി കൈമാറുമെന്നും അറിയിച്ചു. കിംസ് ആശുപത്രിയുടെ സഹായത്തോടെയാണ് ശ്രവണസഹായി നൽകുക.
കഴിഞ്ഞ ദിവസമാണ് സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴി റോഷന്റെ സ്‌കൂൾ ബാഗും അതിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ശ്രവണസഹായിയും നഷ്ടമായത്. ശ്രവണ സഹായി നഷ്ടപ്പെട്ട വിവരം റോഷന്റെ അമ്മ ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടെങ്കിലും ബാഗ് ഇതുവരെയും കണ്ടെത്താനായിട്ടില്ല.
ബാഗ് തിരികെ കിട്ടിയില്ലെങ്കിൽ സ്‌പോൺസർഷിപ്പിലൂടെയോ നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ചോ ശ്രവണസഹായി വാങ്ങി നൽകുന്ന കാര്യം പരിഗണിക്കാമെന്ന് മേയർ ആര്യാ രാജേന്ദ്രൻ കഴിഞ്ഞ ദിവസം വാഗ്ദാനം ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് റോഷന്റെ വീട്ടിലെത്തി പുതിയ ശ്രവണസഹായി ഉടൻ വാങ്ങി നൽകാമെന്ന് മേയർ അറിയിച്ചത്.
ജഗതി ബധിര, മൂക വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിയാണ് രാജാജി നഗർ സ്വദേശിയായ റോഷൻ. പഠനത്തിൽ മിടുക്കനായ റോഷന് നാലു മാസം മുമ്പാണ് പുനർജനി പദ്ധതിയിലൂടെ ശ്രവണസഹായി ലഭിച്ചത്. ഇത് നഷ്ടപ്പെട്ടതോടെ സ്‌കൂളിൽ പോകാനും റോഷന് കഴിയുന്നില്ല. പുതിയ ഒരെണ്ണം വാങ്ങാനുള്ള സാമ്പത്തികസ്ഥിതിയും റോഷന്റെ കുടുംബത്തിനില്ല. പ്രോഗ്രാമിങ് ചെയ്‌തെടുത്ത ശ്രവണസഹായി വേറെ ആർക്കും ഉപകാരപ്പെടില്ലെന്ന് റോഷന്റെ അച്ഛൻ ലെനിൻ പറയുന്നു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment