വർക്കല ക്ഷേത്രം ദേവസ്വം ഓഫീസ് കെട്ടിടത്തിന്റെ ചോർച്ചമാറ്റി

29-10-2022

വർക്കല : ജനാർദനസ്വാമി ക്ഷേത്രത്തിലെ ജീർണാവസ്ഥയിലായിരുന്ന ദേവസ്വം ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര നവീകരിച്ചു. എട്ടരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. 

പുതിയ ഉത്തരവും കഴുക്കോലുകളും ഓടുകളും പാകിയാണ്, നൂറുവർഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര നന്നാക്കിയത്. നവീകരണമില്ലാത്തതിനാൽ വർഷങ്ങളോളം കെട്ടിടം ചോർന്നൊലിച്ച് നശിക്കുകയായിരുന്നു. ചോർന്നൊലിക്കുന്ന ദേവസ്വം ഓഫീസിനെക്കുറിച്ച് കഴിഞ്ഞ ജൂലായ് 23-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചത്.

ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഓഫീസ് പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. ഓഫീസിലെ ഫയലുകളും രേഖകളുമെല്ലാം സൂക്ഷിക്കുന്നതും ഇവിടെയാണ്. ദേവസ്വം ഓഫീസിനു പുറമേ സ്റ്റോർ മുറി, അന്നദാനത്തിനുള്ള ഊട്ടുപുര, ജീവനക്കാരുടെ വിശ്രമമുറി എന്നിവയും കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മഴപെയ്താൽ വെള്ളം കെട്ടിടത്തിനുള്ളിലും ഫയലുകൾ സൂക്ഷിക്കുന്ന അലമാരകളിലുൾപ്പെടെ വെള്ളമിറങ്ങുമായിരുന്നു. മഴസമയത്ത് രേഖകളും മറ്റ് ഓഫീസ് സാമഗ്രികളും മറ്റും നനഞ്ഞ് നശിച്ചിരുന്നു. വെള്ളം ഭിത്തിയിലേക്ക് ഒലിച്ചിറങ്ങി കെട്ടിടത്തിനും ബലക്ഷയമുണ്ടായി. 

ദേവസ്വം ഓഫീസിലെ പ്രധാനപ്പെട്ട രേഖകളും രജിസ്റ്ററുകളുമെല്ലാം സൂക്ഷിക്കുന്നതിനും സ്റ്റോർ മുറിയിൽ പൂജയ്ക്കും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമായുള്ള സാധനങ്ങൾ മഴസമയത്ത് നശിക്കാതിരിക്കാനും ജീവനക്കാർ വളരെ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ ഇടവപ്പാതി സമയത്ത് ടാർപാളിൻ ഷീറ്റുപയോഗിച്ചാണ് ദേവസ്വം ഓഫീസിന്റെ മേൽക്കൂരയിൽ താത്കാലിക സംരക്ഷണം ഒരുക്കിയത്. 

കെട്ടിടത്തിന്റെ മേൽക്കൂര പുതുക്കിപ്പണിയാൻ ദേവസ്വം ബോർഡ് പലതവണ ടെൻഡർ വിളിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നിരുന്നില്ല. 

ഇതാണ് നവീകരണത്തിന് തടസ്സമായത്. ഒടുവിൽ ഭക്തരുടെ കൂട്ടായ്മ മുൻകൈയെടുത്താണ് നവീകരണത്തിന് നടപടികൾ സ്വീകരിച്ചത്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started