
28-10-2022
തിരുവനന്തപുരം : പോലീസിനെയും മാധ്യമപ്രവർത്തകരെയും വളഞ്ഞിട്ട് ആക്രമിച്ച് വിഴിഞ്ഞം തുറമുഖവിരുദ്ധ സമരക്കാർ. സമരത്തിന്റെ നൂറാംദിനത്തിൽ കരയിലും കടലിലും നടത്തിയ സമരം റിപ്പോർട്ടുചെയ്ത് മടങ്ങുമ്പോഴാണ് തുറമുഖ കവാടത്തിൽവെച്ച് മാധ്യമസംഘത്തെ ആക്രമിച്ചത്. പോലീസിനുനേരേ അസഭ്യവർഷവും കൈയേറ്റ ശ്രമവും ഉണ്ടായി. ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമം.
മീഡിയ വൺ, ഏഷ്യാനെറ്റ് ചാനലുകളുടെ ക്യാമറകൾ തകർത്തു. മീഡിയാവൺ ക്യാമറാമാൻ സരോഷിനെ സമരക്കാർ വളഞ്ഞിട്ട് മർദിച്ചു. മാതൃഭൂമി റിപ്പോർട്ടറുടെ ഫോൺ പിടിച്ചുപറിക്കാനും ശ്രമമുണ്ടായി. കൈരളി, ഏഷ്യാനെറ്റ്, ജനം, റിപ്പബ്ലിക് ടി.വി. ചാനലുകളുടെ റിപ്പോർട്ടർമാരെയും ക്യാമറാമാന്മാരെയും കൈയേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. 24 ന്യൂസിന്റെ ഡ്രൈവർക്ക് കല്ലേറിൽ തലയ്ക്കു പരിക്കേറ്റു. വൈദികർ അടക്കമുള്ളവർ വനിതാ മാധ്യമ പ്രവർത്തകരോട് മോശം ഭാഷയിൽ സംസാരിച്ചതായും പരാതിയുയർന്നു. അക്രമം ഏറിയതോടെ മാധ്യമ പ്രവർത്തകർ സംഭവസ്ഥലത്തുനിന്ന് മടങ്ങി.
വിഴിഞ്ഞം പദ്ധതി പ്രദേശത്ത് കടന്നുള്ള പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയ പോലീസ് ഫോട്ടോഗ്രാഫർ ഉണ്ണികൃഷ്ണനെ സ്ഥലത്തുണ്ടായിരുന്ന വൈദികർ ഉൾപ്പെടെയുള്ളവർ ചോദ്യംചെയ്യുകയും തടഞ്ഞുവെക്കുകയും ചെയ്തു. ഇതാണ് സംഘർഷത്തിനു തുടക്കമിട്ടത്. തിരിച്ചറിയൽ കാർഡ് ചോദിച്ച് ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമങ്ങളെയും കൈയേറ്റം ചെയ്തു. മർദനമേറ്റ ഫോട്ടോഗ്രാഫറെയും കയറ്റി നീങ്ങിയ പോലീസ് ജീപ്പ് സമരക്കാർ ആക്രമിച്ച് തടഞ്ഞിട്ടു. വനിതകൾ ഉൾപ്പെടെ പോലീസിനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഡി.സി.പി. ആർ.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘത്തെയാണ് സമരക്കാർ അരമണിക്കൂറിലേറെ തടഞ്ഞുവെച്ചത്. പ്രതിഷേധക്കാർക്കിടയിൽനിന്ന് ഏറെ പണിപ്പെട്ടാണ് പോലീസിന് ജീപ്പുമായി പുറത്തുകടക്കാനായത്.
നടപടിവേണം- കെ.യു.ഡബ്ള്യു.ജെ.
തിരുവനന്തപുരം : വിഴിഞ്ഞം സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനൽ ക്യാമറകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വൈദികർ അടക്കമുള്ളവർ വനിതാ മാധ്യമ പ്രവർത്തകരോട് അറപ്പുളവാക്കുന്ന ഭാഷയിലാണ് സംസാരിച്ചത്. ഇത്തരം അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. അക്രമം നടത്തിയവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ക്യാമറ നശിപ്പിച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും യൂണിയൻ ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസും സെക്രട്ടറി അനുപമ ജി.നായരും ആവശ്യപ്പെട്ടു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment