
28-10-2022
കല്ലമ്പലം : നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡായ മരുതിക്കുന്നിലെ പുരാതനമായ മുല്ലനല്ലൂർ കുളത്തിന്റെ നവീകരണം വൈകുന്നു. മുൻപ് ഉപയോഗയോഗ്യമായിരുന്ന കുളം നശിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാർക്കും കൃഷിക്കും പ്രയോജനകരമല്ലാത്ത നിലയിലാണ് കുളമുള്ളത്. 1962-ൽ മുല്ലനല്ലൂർ നാഗർകാവിന്റെ ഭാഗമായിരുന്ന സ്ഥലം സമീപത്തെ നെൽകൃഷിക്ക് ആവശ്യമായ ജലം എത്തിക്കുന്നതിനായി ഇറിഗേഷൻ വകുപ്പിന് നൽകുകയായിരുന്നു. കൃഷിക്കാരുടെ ആവശ്യപ്രകാരമാണ് അന്നത്തെ ക്ഷേത്ര ഭാരവാഹികൾ കുളത്തിന് സ്ഥലം കൈമാറിയത്.
തുടർന്ന് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ കുളം നിർമിച്ചു. നാവായിക്കുളം പഞ്ചായത്തിന്റെ നാലാം വാർഡിനും മടവൂർ പഞ്ചായത്തിന്റെ 12-ാം വാർഡിനും മധ്യേയുള്ള കുളം കർഷകർക്ക് അനുഗ്രഹമായിരുന്നു. കുറച്ചുകാലം കൃഷിക്കും മറ്റും ഉപയോഗിക്കുകയും നവീകരിക്കുകയും ചെയ്തിരുന്നു. കാലക്രമേണ കുളം നശിച്ചുതുടങ്ങി. 2016-ൽ കുളത്തിനു സമീപത്തെ റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട് പാർശ്വഭിത്തി നിർമിക്കുന്നതിനായി കുളത്തിലെ ചെളി മാറ്റിയിരുന്നു. എന്നാൽ, പൂർണമായി വൃത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് പായൽ മൂടുകയും കാടും പടർപ്പും വളർന്നിറങ്ങുകയും ചെയ്തു. കൊതുകുകൾ പെരുകാനും തുടങ്ങി.
ഇപ്പോൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് നാട്ടുകാർ കുളിക്കാനും നനയ്ക്കാനും ഉപയോഗിക്കുന്നത്. പ്രദേശത്ത് വേനലിൽ ജലക്ഷാമം രൂക്ഷമാണ്. കുളം വൃത്തിയാക്കിയാൽ ഗാർഹികേതര ആവശ്യങ്ങൾക്ക് ഇതിലെ ജലം ഉപയോഗിക്കാൻ കഴിയും. ജലസേചന സംവിധാനം ഉണ്ടെങ്കിൽ പച്ചക്കറിക്കൃഷിക്കും ഉപയോഗിക്കാം.
ഇങ്ങനെ പ്രദേശവാസികൾക്ക് ഗുണകരമാകുന്ന കുളമാണ് ആരും തിരിഞ്ഞുനോക്കാതെ നശിക്കുന്നത്. ജനപ്രതിനിധികൾ കുളത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment