
26-10-2022
നാവായിക്കുളം: നാവായിക്കുളത്തുകാരുടെ ചിരകാലാവശ്യമായ ഇ.എസ്.ഐ. ആശുപത്രിക്ക് കെട്ടിടം എന്നത് യാഥാർഥ്യമാവുന്നു. 5.2 കോടി രൂപ ചെലവിട്ടാണ് ആധുനികസൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കുന്നത്.
അടൂർ പ്രകാശ് എം.പി. നടത്തിയ ഇടപെടലുകളെത്തുടർന്നാണ് കെട്ടിടം നിർമിക്കാൻ കേന്ദ്ര സർക്കാർ തുക അനുവദിച്ചിട്ടുള്ളത്. അഞ്ച് പഞ്ചായത്തിലെ പതിനായിരത്തോളം വരുന്ന കശുവണ്ടി, കയർ തൊഴിലാളികൾക്ക് മെച്ചപ്പെട്ട ചികിത്സ സൗജന്യമായി ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് 1970-ൽ നാവായിക്കുളത്ത് ഇ.എസ്.ഐ. ഡിസ്പെൻസറി തുടങ്ങിയത്.
അന്നുമുതൽ വാടകക്കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ആശുപത്രിക്ക് സ്വന്തമായി കെട്ടിടം വേണമെന്നും കിടത്തിച്ചികിത്സയുൾപ്പെടെയുള്ള സൗകര്യങ്ങൾ വേണമെന്നുമുള്ള ആവശ്യങ്ങൾക്ക് ആശുപത്രിയോളംതന്നെ പഴക്കമുണ്ട്.
തൊഴിലാളികളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് 1985-ൽ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ നാവായിക്കുളം പഞ്ചായത്തിൽ രണ്ടേക്കറോളം ഭൂമി ഏറ്റെടുത്തു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ല. 2012-ൽ കെട്ടിടം നിർമിക്കാൻ തറക്കല്ലിട്ടു.
ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതെയും നിർമാണത്തിനാവശ്യമായ തുക വകയിരുത്താതെയുമായിരുന്നു ഈ കല്ലിടീൽ. പിന്നീട് ആശുപത്രിക്കെട്ടിടത്തിനായി ഒരിടത്തുനിന്നും ഒരിടപെടലും ഉണ്ടായില്ല. 2019-ൽ ആശുപത്രിക്ക് കെട്ടിടംവേണമെന്ന ആവശ്യവുമായി കേന്ദ്രതൊഴിൽവകുപ്പ് മന്ത്രിയെയും ഇ.എസ്.ഐ. ഡയറക്ടർ ജനറലിനെയും സമീപിച്ചിരുന്നതായി അടൂർ പ്രകാശ് എം.പി. പറഞ്ഞു.
തുടർന്നുനടത്തിയ നിരന്തര ഇടപെടലുകളെത്തുടർന്ന് ആശുപത്രിക്കായി ഏറ്റെടുത്തിട്ടുള്ള ഭൂമി പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. ഏറ്റെടുത്തിട്ടുള്ള ഭൂമി ആശുപത്രിനിർമാണത്തിന് അനുയോജ്യമല്ലെന്ന റിപ്പോർട്ടാണ് ഈ സമിതി തൊഴിൽവകുപ്പിന് നല്കിയത്.
തുടർന്ന് ഏറ്റെടുത്തിട്ടുള്ള ഭൂമിയിൽ കുട്ടികൾ കളിക്കുന്ന വീഡിയോ പകർത്തി കേന്ദ്രമന്ത്രിയെയും ഇ.എസ്.ഐ. ഡയറക്ടറെയും ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ ബോധ്യപ്പെടുത്തി.
എം.പി.യുടെ സാന്നിദ്ധ്യത്തിൽ പുതിയ സമിതി വീണ്ടും സ്ഥലപരിശോധന നടത്താൻ കേന്ദ്രമന്ത്രി നിർദേശിച്ചു. ഇതേത്തുടർന്ന് എം.പി.യുടെ സാന്നിദ്ധ്യത്തിൽ പുതിയ സമിതി സ്ഥലം സന്ദർശിക്കുകയും ഭൂമി കെട്ടിടനിർമാണത്തിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് നല്കുകയും ചെയ്തു.
ഇതേത്തുടർന്നാണ് ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ 5.2 കോടി രൂപ അനുവദിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിടത്തിന്റെ നിർമാണച്ചുമതല. നിർമാണോദ്ഘാടനം 28-ന് രാവിലെ 9-ന് നടക്കും.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment