2020 സെപ്‌റ്റംബറിൽ തറക്കല്ലിട്ടു അടിസ്ഥാനംപോലും പൂർത്തിയാകാതെ മടവൂരിലെ പാർപ്പിടസമുച്ചയം

23-10-2022

മടവൂർ: കൊട്ടിഗ്‌ഘോഷിച്ച് ആരംഭിച്ച മടവൂരിലെ ലൈഫ് പദ്ധതി പ്രാരംഭനടപടികളിൽ ഒതുങ്ങി. പുതിയ കെട്ടിടസമുച്ചയത്തിൽ അന്തിയുറങ്ങാനിടം കിട്ടുമെന്ന് കരുതിയവർ കെട്ടിടത്തിന് അടിസ്ഥാനമൊരുക്കാനായി കെട്ടിയൊരുക്കിയ കമ്പികൾ തുരുമ്പെടുക്കുന്നതു നോക്കി നെടുവീർപ്പിടുകയാണ്. അനേകം പേർക്ക് ആശ്രയമാകുമായിരുന്ന വലിയൊരു പദ്ധതിയാണ് അധികൃതരുടെ പിടിപ്പുകേടുകൊണ്ട് എങ്ങുമെത്താതെ പോകുന്നത്. അന്തിയുറങ്ങാൻ വീടില്ലാതെയും ഒരുതുണ്ട് ഭൂമിയില്ലാതെയും കഴിയുന്ന 186 കുടുംബങ്ങൾ പഞ്ചായത്തിലുണ്ടെന്നാണ് കണക്ക്.

ഇതിൽ 82 അപേക്ഷകൾ ഗ്രാമസഭകളിൽ അംഗീകരിച്ചിട്ടുണ്ട്. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവരായി 574 കുടുംബങ്ങളുണ്ട്. ഇവരിൽ 284 കുടുംബങ്ങളുടെ അപേക്ഷകൾക്ക് അംഗീകാരമായി. മണ്ണുംവീടുമില്ലാത്തവർക്ക് പാർപ്പിടമൊരുക്കാനാണ് ലൈഫ് ഭവനസമുച്ചയം നിർമിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയത്. ലൈഫ് ഗുണഭോക്താക്കൾക്കായി പദ്ധതിവഴി അനുവദിക്കുന്ന പണംകൊണ്ട് ഭൂമിവാങ്ങാനും വീടുനിർമിക്കാനും തികയില്ല.

ഇക്കാരണത്താലാണ് പദ്ധതിക്കുവേണ്ടി നീക്കിവയ്ക്കുന്ന പണം വിനിയോഗിച്ച് ഭൂമി കണ്ടെത്തി പാർപ്പിടസമുച്ചയം നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിലേക്കായി മടവൂർ-നഗരൂർ പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ സീമന്തപുരത്ത് പൊതുചന്തയോടു ചേർന്ന് 1.20 ഏക്കർ ഭൂമി കണ്ടെത്തി. തുടർന്ന് 2020 സെപ്‌റ്റംബറിൽ പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് തറക്കല്ലിട്ടത്. പ്രാരംഭഘട്ടപ്രവർത്തനങ്ങൾ വേഗത്തിൽ നീങ്ങി. എന്നാൽ തുടർനടപടികൾ ഇഴഞ്ഞതോടെ കെട്ടിടംപണി നിലച്ചു. അടിസ്ഥാനത്തിന്റെ ബെൽറ്റ് വാർക്കാനായി കെട്ടിനിരത്തിയ കമ്പികൾ രണ്ടുവർഷമായി മഴയും വെയിലുമേറ്റ് തുരുമ്പെടുത്തു. ഇവ നാശത്തിന്റെ വക്കിലാണ്.

ഇവ ഉപയോഗിച്ച് ഇനി നിർമാണപ്രവർത്തനം നടത്തിയാൽ കെട്ടിടത്തിനു ബലക്ഷയമുണ്ടാകുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. ഓരോവർഷവും ഭൂരഹിതരും പാർപ്പിടരഹിതരുമായ അനേകം കുടുംബങ്ങൾ പഞ്ചായത്തിൽ സഹായത്തിനായി അപേക്ഷ സമർപ്പിക്കുന്നുണ്ട്. മുൻ വർഷങ്ങളിൽ അർഹരെന്ന് കണ്ടെത്തിയവർക്കുപോലും പാർപ്പിടം നൽകാൻ പഞ്ചായത്തിനു കഴിഞ്ഞിട്ടില്ല. കോടികൾ ചെലവിടുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർ അത് നടപ്പാക്കാൻ താത്‌പര്യമെടുക്കാത്തതാണ് പദ്ധതി വഴിയിൽക്കിടക്കാനിടയാക്കുന്നത്. അധികൃതരുടെ അടിയന്തരമായ ഇടപെടലുണ്ടായാൽ സീമന്തപുരത്ത് ലൈഫ് പാർപ്പിടസമുച്ചയം ഉയരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started