

22-10-2022
കഴക്കൂട്ടം : കഴക്കൂട്ടം മേൽപ്പാലം നവംബർ 15-ന് വാഹനഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. മേൽപ്പാലം നിർമാണത്തിന്റെ അവസാനഘട്ട പണികൾ കാണാനെത്തിയ മന്ത്രി, ദേശീയപാതാ അതോറിട്ടിയുടെയും കരാർ കമ്പനിയുടെയും ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തതിനു ശേഷമാണ് ഇതു പറഞ്ഞത്. ഉദ്ഘാടനച്ചടങ്ങ് ഉണ്ടാകില്ലേ എന്നു പത്രലേഖകർ ചോദിച്ചപ്പോൾ, അതു കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടതെന്നും 15-ന് പണി കഴിഞ്ഞാലുടൻ വാഹനഗതാഗതം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
നവംബർ ഒന്നിന് മേൽപ്പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാമെന്നു നേരത്തേ കരുതിയെങ്കിലും മഴ കാരണം ചില ജോലികൾ വൈകി. നവംബർ 15-നകം അപ്രോച്ച് റോഡുകളുടെ പണികളടക്കം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. പാലത്തിനടിയിലെ രണ്ടുവരി റോഡിന്റെ പണികൾ നവംബർ 25-നകം തീരുമെന്നും കരുതുന്നു. സംസ്ഥാനത്ത് നാലുവരി ഗതാഗതമുള്ള ഏറ്റവും വലിയ മേൽപ്പാലമാണ് കഴക്കൂട്ടത്ത് പൂർത്തിയാകുന്നത്. നീളം 2.70 കിലോമീറ്റർ.
കണിയാപുരം-പള്ളിപ്പുറം ഭാഗത്ത് വികസിപ്പിക്കുന്ന ദേശീയപാത ഉയർന്നതാകുന്നതിന്റെ പ്രശ്നം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. മന്ത്രിയുടെയും ദേശീയപാതാ അതോറിട്ടി ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി. അവിടെയും മേൽപ്പാലം ആവശ്യമാകുമെന്ന് എം.എൽ.എ. പറഞ്ഞു. ആ പ്രശ്നം ഉടൻ പരിഗണിക്കാമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരും പറഞ്ഞു. അതോറിട്ടി മേഖലാ ഓഫീസർ ബി.എൽ.മീന, പ്രോജക്ട് ഡയറക്ടർ പി.പ്രദീപ്, കരാർ കമ്പനിയായ ആർ.ഡി.എസിന്റെ വൈസ് പ്രസിഡന്റ് കേണൽ എം.രവീന്ദ്രൻ നായർ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.


📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment