കേരളം കണ്ട ഏറ്റവും അക്രമാസക്ത സമരങ്ങളിൽ ഒന്ന്; തലസ്ഥാനത്തെ യുദ്ധഭൂമിയാക്കിയ ആ സമര പരമ്പര കൊണ്ട് എന്തുനേടി ?
റെഞ്ചി കുര്യാക്കോസ് October 20, 2022 06:38 AM IST

പ്രഫ. ജെ. വി വിളനിലത്തിന്റെ ഗവേഷണ ബിരുദം വ്യാജമാണെന്നാരോപിച്ച് എസ് എഫ് ഐ നടത്തിയ സമരപരമ്പരകളിൽ ഒരു ദിവസത്തെ ചിത്രം. ഈ ആരോപണം പിന്നീട് അന്വേഷണക്കമ്മിഷൻ തള്ളി
ഡോ. വിളനിലം വിട വാങ്ങുമ്പോൾ വീണ്ടും ചർച്ചയിൽ നിറയുന്നത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും തലസ്ഥാന നഗരത്തെ യുദ്ധഭൂമിയാക്കിയ സമരകാലം
തിരുവനന്തപുരം∙ കേരളം കണ്ട ഏറ്റവും അക്രമാസക്ത സമരങ്ങളിൽ ഒന്നിന്റെ സ്മരണകൾ ശേഷിപ്പിച്ചാണ് ഡോ.ജെ.വി.വിളനിലം വിട വാങ്ങുന്നത്. വിളനിലം സമരത്തിന്റെ പേരിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ചേർന്ന് ഒന്നര വർഷം തിരുവനന്തപുരം നഗരത്തെ യുദ്ധഭൂമിയാക്കി . അവസാനം സമരക്കാർക്ക് എല്ലാം നിരുപാധികം പിൻവലിക്കേണ്ടി വന്നു. സമരം കൊണ്ട് എന്തു നേടി എന്ന ചോദ്യം മാത്രം ഇപ്പോഴും ബാക്കി. കേരള സർവകലാശാലാ വളപ്പിൽ സമരക്കാർ കത്തിച്ച വാഹനങ്ങൾ സമീപ കാലം വരെയും ചരിത്ര സ്മാരകം പോലെ കിടപ്പുണ്ടായിരുന്നു.

2 ജീപ്പും 2 വാനും ആണ് തീ വച്ചു നശിപ്പിച്ചത്. അക്രമ സമരങ്ങളിൽ ഉണ്ടാകുന്ന നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കുമെന്ന കോടതി വിധി വരുന്നതിനു മുൻപുള്ള കാലമാണ്. തിരുവനന്തപുരത്ത് ഒരു ദിവസം മാത്രം 29 കെഎസ്ആർടിസി ബസ് ഉൾപ്പെടെ 37 വാഹനങ്ങളാണ് തകർത്തത്. സംസ്ഥാനത്തെ പല നഗരങ്ങളിലും ലാത്തിച്ചാർജ് നടന്നു. കടകൾക്കു നേരെ വ്യാപകമായി കല്ലേറു നടത്തിയതു മൂലം തിരുവനന്തപുരത്ത് കട തുറക്കാൻ വ്യാപാരികൾ ഭയപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ട് യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിലാകുന്നതും പതിവായിരുന്നു.
കെ.കരുണാകരൻ മുഖ്യമന്ത്രിയും ഇ.ടി.മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന കാലത്തായിരുന്നു വിളനിലം സമരം . ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, യുഎസിലെ ടെംപിൾ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഇരട്ട ഡിലിറ്റ് നേടിയ അദ്ദേഹത്തിന്റെ മറ്റൊരു ബിരുദത്തിന് അംഗീകാരമില്ല എന്ന് ആരോപിച്ച് ആയിരുന്നു സമരം. ഇംഗ്ലണ്ടിലെ സർവകലാശാലയിൽ നിന്നു ലഭിച്ച ഓണററി പിഎച്ച്ഡിക്കു മുന്നിൽ വിളനിലം നേടിയ മറ്റെല്ലാ ബിരുദങ്ങളും അവഗണിക്കപ്പെട്ടു. വ്യാജ ഡോക്ടറേറ്റ് നേടിയ വിസി രാജി വയ്ക്കണം എന്നായിരുന്നു ആവശ്യം.
സമരം മുറുകിയപ്പോൾ 6 മാസത്തേക്ക് അവധിയിൽ പോകാൻ വിസിയോട് സർക്കാർ നിർദേശിച്ചു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ.ഡി.ബാബു പോളിന് ആയിരുന്നു വിസിയുടെ ചുമതല. അന്വേഷണ കമ്മിഷൻ കുറ്റ വിമുക്തനാക്കിയതിനെത്തുടർന്ന് വിളനിലം മടങ്ങിയെത്തി. അതോടെ സമരവും കടുപ്പിച്ചു. സമരകാലത്ത് വീട്ടിൽ ഇരുന്നാണ് അദ്ദേഹം ഭരിച്ചത്. വീട്ടിൽ തന്നെ സിൻഡിക്കറ്റ് യോഗവും ചേർന്നു. അടുക്കള സിൻഡിക്കറ്റിൽ പങ്കെടുക്കില്ലെന്നു മുൻ മന്ത്രി ജി.സുധാകരൻ ഉൾപ്പെടെ സിപിഎം അംഗങ്ങൾ നിലപാട് സ്വീകരിച്ചു. തുടർച്ചയായി 3 സിൻഡിക്കറ്റ് യോഗത്തിൽ എത്താതിരുന്ന 6 സിൻഡിക്കറ്റ് അംഗങ്ങളെ വിസി പുറത്താക്കി.
സർവകലാശാലാ ഫയലുകൾ വിസിയുടെ വീട്ടിൽ കൊടുത്തു വിട്ടാണ് നോക്കിയിരുന്നത്. ചില ദിവസങ്ങളിൽ കനത്ത പൊലീസ് സന്നാഹത്തോടെ വിസി ഓഫിസിൽ എത്തുമായിരുന്നു.സമരക്കാർ തടയുമ്പോൾ ലാത്തിച്ചാർജ് നടക്കും. വിളനിലത്തിന്റെ കാറിനു മുന്നിൽ ചാടിയ എസ്എഫ്ഐ നേതാവ് യു.പി.ജോസഫിനെ കാർ ഇടിച്ചു തെറിപ്പിച്ച സംഭവവുമുണ്ട്. എകെജി സെന്ററിനു കേരള സർവകലാശാല നൽകിയ ഭൂമിയെക്കാൾ കൂടുതൽ അവർ കയ്യേറി എന്ന് ആരോപണം ഉയർന്നതിനെ തുടർന്നു സർവകലാശാലയുടെ ഭൂമി അളന്നു തിട്ടപ്പെടുത്താൻ വിളനിലം ഉത്തരവിട്ടിരുന്നു. ഇതാണ് സിപിഎമ്മിനെ ചൊടിപ്പിക്കാൻ കാരണം എന്നും ആക്ഷേപം ഉയർന്നിരുന്നു.
സർക്കാരിനെതിരായ മറ്റു പ്രതിഷേധങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാൻ വിളനിലം സമരത്തെ കെ.കരുണാകരൻ തന്ത്രപൂർവം വിനിയോഗിച്ചു. എസ്എഫ്ഐ സമരത്തെ കെ.സി.വേണുഗോപാലിന്റെയും ചെമ്പഴന്തി അനിലിന്റെയും നേതൃത്വത്തിൽ കെഎസ്‍യു പ്രവർത്തകർ നേരിട്ടു. സർവകലാശാലാ ജീവനക്കാരുടെ കോൺഗ്രസ് സംഘടനയുടെ സെക്രട്ടറി ആർ.എസ്.ശശികുമാറിന്റെ നേതൃത്വത്തിലാണ് വിളനിലത്തിനു സംരക്ഷണ വലയം തീർത്തത്. അതിന്റെ പേരിൽ ശശികുമാറിന്റെ വീട് സമരക്കാർ എറിഞ്ഞു തകർത്തു. വിസിയുടെ വീട്ടിലേക്ക് ഫയലുകൾ കൊണ്ടു പോകുന്നുവെന്ന് ആരോപിച്ച് റജിസ്ട്രാറുടെ സ്വന്തം കാർ അടിച്ചു തകർത്തു.
വിളനിലത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചതിന്റെ പേരിൽ മുൻ വിസി ഡോ.സാമുവേൽ മത്തായിയെയും ഭാര്യയെയും ശംഖുമുഖത്ത് ആക്രമിച്ചു. ഇതിനിടെയാണ് സമരത്തിനു നേതൃത്വം നൽകിയ എസ്എഫ്ഐ നേതാവ് സംസ്കൃത കോളജിൽ പരീക്ഷയിൽ കോപ്പി അടിക്കുന്നതായി വിവരം ലഭിച്ചത്. കോളജിലെ മുഴുവൻ ഉത്തരക്കടലാസുകളും വിസി നേരിട്ടു പരിശോധിച്ച് കോപ്പിയടി ശരിവച്ചു. എസ്എഫ്ഐ നേതാവ് ഉൾപ്പെടെ 4 വിദ്യാർഥികളെ ഡീബാർ ചെയ്തു. അതോടെ സമരം തളർന്നു. തുടർന്ന് അനുരഞ്ജന ശ്രമമായി. അതിനു ചിലർ മുൻകയ്യെടുത്തതോടെ സമരം നിരുപാധികം അവസാനിപ്പിച്ചു.പിൽക്കാലത്ത് ഇഎംഎസിന്റെ സാന്നിധ്യത്തിൽ എകെജി സെന്ററിൽ നടത്തിയ സമ്മേളനത്തിലേക്കു വിളനിലത്തെ ക്ഷണിച്ചത് വാർത്ത ആയിരുന്നു.
Leave a comment