മനുഷ്യക്കടത്തിനെതിരേ വിദ്യാർഥിനികളുടെ ഫ്രീഡം വാക്ക്

തിരുവനന്തപുരം : മനുഷ്യക്കടത്തിനെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എൻ.ജി.ഒ.കളുടെ കൂട്ടായ്മ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ഫ്രീഡം’ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് വിദ്യാർഥിനികൾ ഫ്രീഡം വാക്ക് നടത്തി.കേരള ആന്റി ഹ്യൂമൻ ട്രാഫിക്കിങ് നോഡൽ ഓഫീസർ ഹർഷിത അട്ടല്ലൂരി ഉദ്ഘാടനം ചെയ്തു .മനുഷ്യക്കടത്ത് കേരളം നേരിടുന്ന ഇരട്ടവെല്ലുവിളിയാണെന്ന് അവർ പറഞ്ഞു.
വിദേശത്ത് തൊഴിലന്വേഷകരായ മലയാളികൾക്ക് അവബോധം നൽകുന്നതോടൊപ്പം കേരളത്തിൽ ജോലി ചെയ്യുന്ന കുടിയേറ്റത്തൊഴിലാളികളെ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുകയും വേണം. ചൂഷണം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നും ഹർഷിത പറഞ്ഞു.
കൈമനം ഗവ. വിമെൻസ് പോളിടെക്‌നിക് കോളേജ്, എൻ.എസ്.എസ്. യൂണിറ്റുകൾ, ഗവ. വിമെൻസ് കോളേജ് വഴുതയ്ക്കാട്, ധനുവച്ചപുരം എൻ.എസ്.എസ്. കോളേജ്, കാട്ടാക്കട സിറ്റി ലൈറ്റ്‌സ് ചർച്ച്, കുളത്തൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, തിരുവനന്തപുരം മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള വിദ്യാർഥിനികളും പങ്കാളികളായി. ഇന്ത്യയിലെ മറ്റ് 19 നഗരങ്ങളിലും 50 രാജ്യങ്ങളിലെ 500 കേന്ദ്രങ്ങളിലും ഒരേസമയം വാക്ക് ഫോർ ഫ്രീഡം പരിപാടി നടന്നു.
Leave a comment