സിറ്റപ്പ്’, പിന്നെ കരിയില പെറുക്കൽ, റാഗിങ് വിഡിയോ ദൃശ്യം പ്രിൻസിപ്പലിനു ലഭിച്ചു; മൂന്ന് വിദ്യാർഥികളെ പുറത്താക്കി

October 14, 2022

വർക്കല ∙ ശിവഗിരി എസ്എൻ കോളജിൽ ഒന്നാം വർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ റാഗ് ചെയ്ത സംഭവത്തിൽ 3 പേരെ കോളജിൽ നിന്നു പുറത്താക്കി. കോളജിലെ ആന്റി റാഗിങ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട്, തുടർ അന്വേഷണത്തിനും നടപടികൾക്കുമായി വർക്കല പൊലീസിനു കോളജ് അധികൃതർ കൈമാറി.  ബികോം ഫിനാൻസ് വിദ്യാർഥി ബി.ജൂബി, ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥി ആർ.ജിതിൻ രാജ്, ബികോം ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി എസ്.മാധവ് എന്നിവരെയാണ് പുറത്താക്കിയത്.

മൂവരും അവസാന വർഷ വിദ്യാർഥികളാണ്. ഇൗ മാസം 10നാണ് സംഭവം നടന്നത്. ഒന്നാം സെമസ്റ്റർ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യം പ്രിൻസിപ്പലിനു ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. റാഗിങ്ങിന് ഇരയായ മൂന്നു പേർ ഇക്കണോമിക്സ്, ബാക്കിയുള്ളവർ കെമിസ്ട്രി വിദ്യാർഥികളുമാണ്. ഇവരോട് ‘സിറ്റപ്പ്’ (ഇരിക്കാനും നിവരാനും) ചെയ്യാനും കരിയില പെറുക്കാനുമാണ് ആവശ്യപ്പെട്ടത്.

വിഡിയോ പ്രചരിച്ചതോടെ റാഗിങ്ങിനു ഇരയായ വിദ്യാർഥികളോട് സംഭവത്തെത്തുടർന്ന്് കോളജിലെ ആന്റി റാഗിങ് സെൽ അന്വേഷണം നടത്തി. ഇവരെ വിളിച്ചു വരുത്തി റാഗിങ് നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചു. തുടർന്നു റാഗിങ്ങിന് ഇരയായ വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാരായ വിദ്യാർഥികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി റിപ്പോർട്ട് വായിച്ചു കേൾപ്പിച്ചു. പ്രതികളുടെ വിശദീകരണവും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് പ്രകാരമാണ് മൂന്നു പേരെയും പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.

റാഗിങ്: കൂടുതൽ പേരുണ്ടെന്നു സൂചന

എസ്എൻ കോളജിൽ  നടന്ന റാഗിങ് സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനയുള്ളതായി കോളജ് മാനേജ്മെന്റ്. റാഗിങ്ങിനു ഇരയായ കുട്ടികൾ നൽകിയ വിവരം അനുസരിച്ചു മൂന്നു പേരെയാണ് കോളജിൽ നിന്നു പുറത്താക്കിയതെങ്കിലും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് പൊലീസാണ് കണ്ടെത്തേണ്ടത്. കോളജ് അധികൃതർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൊലീസിന് കൈമാറിയതോടെ റാഗിങ്ങിനു വിധേയരായ കുട്ടികളുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയാണ് പൊലീസ്. 

അതേസമയം നടപടിക്കു വിധേയരായ വിദ്യാർഥികളിൽ ബികോം വിദ്യാർഥിയായ ബി.ജൂബിയെ നേരത്തെ കോളജിൽ നിന്നു അച്ചടക്ക നടപടിയുടെ പേരിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണാഘോഷത്തിന് പുറത്ത് നിന്നു ശിങ്കാരിമേളം ഉൾപ്പെടെ ആഘോഷ പരിപാടികൾ വേണമെന്നു ആവശ്യപ്പെട്ടു പ്രതിഷേധം സംഘടിപ്പിക്കുകയും പിന്നാലെ കോളജ് കെട്ടിടത്തിൽ നിന്നു താഴേക്കു ചാടുമെന്ന ഭീഷണിയും മുഴക്കുകയും ചെയ്തിരുന്നു. അതേസമയം റാഗിങ് നടത്തിയ മൂന്നു വിദ്യാർഥികൾക്കെതിരെ കേസെടുക്കുമെന്നു വർക്കല എസ്എച്ച്ഒ എസ്.സനോജ് അറിയിച്ചു.

📢📢📢📢📢📢📢📢
നിങ്ങളുടെ ബിസിനസ്സ്
പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …

👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started