വർക്കല-കാപ്പിൽ തീരദേശപാതയിൽ ഇടവ കൊച്ചാലുംമൂട്ടിൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്നു.

13-10-2022

ഇടവ : വർക്കല-കാപ്പിൽ തീരദേശപാതയിൽ ഇടവ കൊച്ചാലുംമൂട്ടിൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്നു. വീതികുറഞ്ഞ റോഡും അനധികൃത കച്ചവടവും പാർക്കിങ്ങുമാണ് ഗതാഗത തടസ്സങ്ങളുണ്ടാക്കുന്നത്. ഇടവ റെയിൽവേ ഗേറ്റിനും മൂന്നുമുക്കിനും മധ്യേയാണ് കൊച്ചാലുംമൂട് ഭാഗം. ഇടുങ്ങിയ റോഡിനിരുവശവും നിരവധി കച്ചവടസ്ഥാപനങ്ങളും ഓഫീസുകളുമുണ്ട്. പച്ചക്കറിക്കടകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ ഇറക്കുന്നത് റോഡിൽ നിർത്തിയാണ്. റോഡിന്റെ പകുതിഭാഗം കവർന്നാണ് ലോഡുമായി എത്തുന്ന വലിയ വാഹനങ്ങൾ നിർത്തുന്നത്.

വഴിയോരക്കച്ചവടവും പ്രശ്നം

തിരക്കേറിയ സമയത്തുൾപ്പെടെ ലോഡിറക്കുന്നത് കാരണം മറ്റു വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടുന്നു. ചില കടകൾ റോഡിലേക്ക് ഇറക്കിവച്ചും കച്ചവടം നടത്തുന്നുണ്ട്. ഇതിനൊപ്പം റോഡരികിൽ അനധികൃത മീൻകച്ചവടവുമുണ്ട്. വെൺകുളം പൊതുമാർക്കറ്റിലെ സമയം കഴിഞ്ഞാൽ കച്ചവടക്കാർ മീനുമായി ഈ ഭാഗത്ത് റോഡിലേക്കെത്തും. ഓട്ടോറിക്ഷയിലും ഇരുചക്രവാഹനങ്ങളിലുമെത്തുന്നവർ റോഡിൽ നിർത്തിയാണ് മീൻ വാങ്ങുന്നത്. കടകൾ കൂടാതെ ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയും കൊച്ചാലുംമൂട്ടിലുണ്ട്. ഇവിടേക്കെല്ലാം എത്തുന്നവരുടെ വാഹനങ്ങളും റോഡരികിലാണ് നിർത്തുന്നത്. ഇതെല്ലാം കാരണം രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേസമയം പലപ്പോഴും കടന്നുപോകാൻ കഴിയാറില്ല. റോഡിൽ ഇടമില്ലാത്തതിനാൽ കാൽനടക്കാരാണ് ഏറെ കഷ്ടപ്പെടുന്നത്. 

റെയിൽവേ ഗേറ്റടച്ചാൽ വൻ കുരുക്ക്

ഇടവ റെയിൽവേ ഗേറ്റടച്ച് തുറക്കുമ്പോഴാണ് വാഹനത്തിരക്കും ഗതാഗതക്കുരുക്കും ഏറെയുള്ളത്. ഗേറ്റടയ്ക്കുമ്പോൾ വാഹനങ്ങളുടെ നിര കൊച്ചാലുംമൂട് കഴിഞ്ഞും നീളും. തീവണ്ടികൾ ഏറെയുള്ള രാവിലെയും വൈകീട്ടും കൊച്ചാലുംമൂട്ടിൽ ഗതാഗത തടസ്സം പതിവാണ്. വർക്കല ഭാഗത്തേക്കുള്ള വാഹനങ്ങളാണ് കടന്നുപോകാൻ ഏറെനേരം കാത്തുകിടക്കേണ്ടിവരുന്നത്. 

അപ്പോഴേക്കും വീണ്ടും ഗേറ്റ് അടയ്ക്കാനുള്ള സമയമാകും. ഗതാഗത തടസ്സം കാരണം യഥാസമയം റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. കൊച്ചാലുംമൂട്ടിലെ അനധികൃത പാർക്കിങ്ങും കച്ചവടവും ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ പോലീസും പഞ്ചായത്തും ഇടപെടണമെന്നാണ് ഇതുവഴി പതിവായി യാത്രചെയ്യുന്നവരും നാട്ടുകാരും ആവശ്യപ്പെടുന്നത്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started