വക്കത്തെ വഴിയോരത്ത് ഹരിത കർമ്മസേനയുടെ മാലിന്യം നോക്കുകുത്തിയായി എം.സി.എഫുകൾ

Wednesday 12 October, 2022

വക്കം : മിക്ക സ്ഥലങ്ങളിലും ഹരിതകർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുമ്പോഴും വക്കം ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളിൽ പരക്കെ പരാതി. വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിക്കുന്ന സംഭവം നിരവധിയാണ്. ചാക്ക് കെട്ടുകളിൽ ഭക്ഷ്യ വസ്തുക്കളുടെ മണം ഉണ്ടായാൽ അവിടെ തെരുവ് നായ്ക്കളും എത്തും. വക്കം പോലുള്ള ചെറിയ പഞ്ചായത്തിൽ ഇടുങ്ങിയ റോഡുകളിൽ മാലിന്യ ചാക്കുകളും തെരുവ് നായ്ക്കളും കൂടി എത്തിയതോടെ യാത്രകളും ദു:സ്സഹമായി. അടുത്തിടെയാണ് നാലാം വാർഡിൽ ബൈക്കിൽ പോയ ഒരു കുടുംബത്തിലെ മൂന്ന് പേർ നായ്ക്കൾ ചാടിയതിനെ തുടർന്ന് വീണ് പരിക്കേറ്റത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ നിറച്ച്, സൂക്ഷിക്കാൻ എല്ലാ വാർഡുകളിലും മിനി എം.സി.എഫുകൾ ഉണ്ട്. എന്നാൽ അതിനകത്ത് സൂക്ഷിക്കാതിരിക്കുന്നതാണ് ഇവിടെ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

ഇഴജന്തുക്കളുടെ താവളം 

എം.സി.എഫുകൾ ഇനിയും തുറക്കാത്ത സ്ഥലങ്ങളും വക്കത്തുണ്ട്. കാടുകയറിയ നിലയിലാണിപ്പോൾ ഈ സംഭരണകേന്ദ്രം. ഇത്തരം സംഭരണ കേന്ദ്രങ്ങളിൽ ഇഴജന്തുക്കളുടെ ഭീഷണിയുമുണ്ട്. ഒാരോ വാർഡുകളിലും ഹരിത കർമ്മസേനയുടെ അംഗങ്ങൾ ഉണ്ടങ്കിലും യഥാസമയം വീടുകളിൽ നിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇത് വീട്ടുകാർക്കും ബുദ്ധിമുട്ടാകുന്നു. എന്നാൽ വാർഡുകളിൽ സ്ഥാപിച്ചിരിക്കുന്ന എം.സി.എഫുകളിൽ നിർമ്മാണ പിഴവുണ്ടെന്നും വലിയ ചാക്കുകളിൽ നിറച്ച മാലിന്യങ്ങൾ ഇതിനുള്ളിൽ കയറ്റാൻ കഴിയുന്നില്ലെന്നും ഹരിത കർമ്മ സേനാംഗങ്ങൾ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിലാണ് ചാക്കിൽ കെട്ടി വഴിയരികിൽ വയ്ക്കുന്നത്. ഇത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

മിനി എം.സി.എഫുകളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ചെറിയ വാഹനങ്ങളിൽ കയറ്റി നിലയ്ക്കാ മുക്കിലെ പ്രധാന എം.സി.എഫിലെക്കും അവിടെ നിന്നും വലിയ ലോറികളിൽ സംസ്ക്കരണ കേന്ദ്രങ്ങളിലേക്കും മാറ്റുകയാണ് പതിവ്. എന്നാൽ അടുത്തകാലത്ത് ഇതൊന്നും നടക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started