


12-10-2022
ചിറയിൻകീഴ് : നവീകരണത്തിന്റെ പേരുപറഞ്ഞ് മംഗലപുരം പഞ്ചായത്തിനു കീഴിലുള്ള മുരുക്കുംപുഴ പൊതുചന്ത ആറുമാസമായി അടഞ്ഞുകിടക്കുകയാണ്. ശൗചാലയ നിർമാണത്തിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി ജില്ലാപ്പഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ് ചന്ത പൂട്ടിയിട്ടതെന്നാണ് ഗ്രാമപ്പഞ്ചായത്ത് നൽകുന്ന വിശദീകരണം. എന്നാൽ ഇതുവരെ നവീകരണ പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല. മംഗലപുരം പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ പൊതുചന്ത പൂട്ടിക്കിടക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.
മുരുക്കുംപുഴ, കോഴിമട, മുല്ലശ്ശേരി, ഇടവിളാകം, വരിക്കുമുക്ക് വാർഡുകളിലെ ആയിരക്കണക്കിന് ആളുകളെത്തുന്നയിടമാണിവിടം. കഠിനംകുളം, പുത്തൻതോപ്പ് കടലിൽനിന്ന് പിടിക്കുന്ന മീനുകൾ പകുതിയിലധികവും വിറ്റഴിക്കുന്നത് ഈ ചന്തയിലൂടെയാണ്.
കൂടാതെ മാംസം, പച്ചക്കറി, നാടൻ കാർഷിക ഉത്‌പന്നങ്ങൾ തുടങ്ങി നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിന് പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ മംഗലപുരം-മുരുക്കുംപുഴ കടവ് റോഡിൽ റെയിൽവേ ഗേറ്റിനു സമീപം റോഡിനിരുവശത്തുമായാണ് ചന്ത കൂടുന്നത്. ഇത് ഗതാഗതപ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്.
ആയിരക്കണക്കിനു ജനങ്ങൾ ഈ പൊതുചന്തയെ ആശ്രയിക്കുന്നുണ്ട്. അടഞ്ഞുകിടക്കുന്ന പൊതുചന്ത ഇപ്പോൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ്. ചന്തയുടെ കാര്യത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സർവോദയ റസിഡന്റ്‌സ് അസോസിയേഷൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ തുടങ്ങി സംഘടനകൾ മുന്നറിയിപ്പും നൽകുന്നു. ചന്തയുടെ നവീകരണത്തിനും അടിസ്ഥാനസൗകര്യ വികസനങ്ങൾക്കുമായി ടെൻഡർ നടപടികൾ പൂർത്തിയായി എന്നാണ് അധികൃതർ നൽകുന്ന സൂചന. നവീകരണം എത്രയുംവേഗം പൂർത്തിയാക്കി പൊതുചന്തയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇

Leave a comment