പാലോട്ട് അഗ്നിരക്ഷാസേന യൂണിറ്റിന് കെട്ടിടം പണിതിട്ട് മാസങ്ങളായി.

12-10-2022

പാലോട് : പാലോട്ട് അഗ്നിരക്ഷാസേന യൂണിറ്റിന് കെട്ടിടം പണിതിട്ട് മാസങ്ങളയി. ഉടൻ തുടങ്ങുമെന്നു പ്രചരിപ്പിച്ച യൂണിറ്റ് ഇപ്പോഴും കടലാസിൽത്തന്നെ. 2015-ജൂൺ 20-നാണ് പദ്ധതി പ്രഖ്യാപനം നടന്നത്. തുടർന്ന് എം.എൽ.എ. ഡി.കെ.മുരളി മുൻകൈയെടുത്ത് പാലോട് സർക്കാർ ആശുപത്രിക്കു സമീപം അരയേക്കർ സ്ഥലം അഗ്നിരക്ഷാസേന നിർമാണത്തിനായി വിട്ടുനൽകി. വർഷങ്ങൾക്കുശേഷമാണ് ഇവിടെ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.

2015-ൽ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ വികസന ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവർത്തികളാണ് ഇപ്പോൾ ഇഴയുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടെങ്കിൽ മാത്രമേ അഗ്നിരക്ഷാസേന യൂണിറ്റ് തുടങ്ങാൻ കഴിയൂ എന്നായിരുന്നു വകുപ്പിന്റെ നിലപാട്. ഇതേത്തുടർന്നാണ് എം.എൽ.എ. ഇടപെട്ട് സ്ഥലം ലഭ്യമാക്കിയത്. നെടുമങ്ങാട് അഗ്നിരക്ഷാനിലയത്തിന്റെ ടേൺ ഔട്ട് ഏരിയയിൽ ഉൾപ്പെടുന്നതാണ് പാലോട്. ജില്ലയിലെതന്നെ ഏറ്റവും വലിയ പടക്കനിർമാണ മേഖലയാണ് ഇവിടം. ദേശീയ സസ്യോദ്യാനവും എണ്ണപ്പന ഗവേഷണ കേന്ദ്രവും സംസ്ഥാന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്ററ്റ്യൂട്ടും സംസ്ഥാന സ്കൗട്ട് പരിശീലനകേന്ദ്രവും വനംവകുപ്പിന്റെ അരിപ്പ ട്രെയിനിങ്‌ സെന്ററും ഉൾപ്പെടുന്ന മേഖലകൂടിയാണ് ഇവിടം. അതീവ ജൈവവൈവിദ്ധ്യ മേഖലകൂടി ഉൾപ്പെടുന്ന സ്ഥലമായതിനാൽ വേനൽക്കാലത്ത് ഹെക്ടർ കണക്കിനു വനഭൂമിയാണ് കത്തിനശിക്കാറുള്ളത്. മഴക്കാലത്ത് നദികളിൽ ജലനിരപ്പ് ഉയർന്ന് തീരപ്രദേശത്ത് താമസിക്കുന്നവർ അപകടത്തിൽപ്പെടാറുണ്ട്. വിനോദസഞ്ചാരികളും അപകടത്തിൽപ്പെടാറുണ്ട് . 

എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ നെടുമങ്ങാടുനിന്നോ വിതുരയിൽനിന്നോ അഗ്നിരക്ഷാസേന എത്തണം. അഗ്നിരക്ഷാസേന ഓഫീസ് മന്ദിരം നിർമാണം നീണ്ട വേളയിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു. പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയേറിയ പ്രദേശമായതുകൊണ്ട് അഗ്നിരക്ഷാസേന യൂണിറ്റ് ആവശ്യമാണെന്നും ഇതിനുള്ള നടപടികൾ സർക്കാർതലത്തിൽ അടിയന്തരമായി സ്വീകരിക്കണമെന്നും 2019ൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശി നിർദേശം നൽകിയെങ്കിലും ഒന്നും നടന്നില്ല.

അടിയന്തരമായി അഗ്നിരക്ഷാസേന യൂണിറ്റ് സജ്ജീകരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളായി.

📢📢📢📢📢📢📢📢നിങ്ങളുടെ ബിസിനസ്സ്പരസ്യങ്ങൾ കുറഞ്ഞ ചിലവിൽ വക്കം മീഡിയ ന്യൂസിലൂടെ കൂടുതൽ പേരിൽ എത്തിക്കൂ …
👇👇👇👇👇👇👇👇👇


Posted

in

by

Tags:

Comments

Leave a comment

Design a site like this with WordPress.com
Get started