09-10-2023

ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും കുറച്ച് അറിയിക്കാൻ ‘യോദ്ധാവ് എന്ന Pol App’ലൂടെയും 99959 66666 എന്ന മൊബൈൽ നമ്പരിലേക്കും സന്ദേശങ്ങൾ അയയ്ക്കാം. കൂടാതെ 24 മണിക്കൂർ പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക് സെൽ നമ്പർ: 9497927797.
തിരുവനന്തപുരം : ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഉമിനീർ പരിശോധിച്ചുള്ള മൊബൈൽ ടെസ്റ്റ് സംവിധാനവുമായി പോലീസ്. അഞ്ച് മിനിറ്റിനുള്ളിൽ ഇതിന്റെ ഫലമറിയാം.
നഗരത്തിലാണ് പരീക്ഷണാർഥത്തിൽ പരിശോധനാസംവിധാനം പ്രവർത്തിപ്പിക്കുന്നത്. ട്രാഫിക് ഡി.സി.പി.യുടെ മേൽനോട്ടത്തിൽ നർകോട്ടിക് സെൽ അസിസ്റ്റൻറ് കമ്മിഷണറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
രണ്ടു ദിവസത്തിനുള്ളിൽ 11 പേർ പരിശോധനയിൽ കുടുങ്ങി. രണ്ടുദിവസം മുമ്പ് ലഹരിവസ്തുക്കൾ ഉപയോഗിച്ചാലും യന്ത്രമുപയോഗിച്ച് കണ്ടെത്താം. എം.ഡി.എം.എ., ലഹരിഗുളികകൾ, കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചവരെയാണ് കണ്ടെത്താനാകുന്നത്.
സമൂഹവിരുദ്ധർ കൂട്ടംകൂടി ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തുന്ന സ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കാനാണ് തീരുമാനമെന്ന് സിറ്റി പോലീസ് കമ്മിഷണർ നാഗരാജ ചകിലം അറിയിച്ചു.
Leave a comment